എസ്-പ്രസോ : മാരുതി-സുസുക്കി കുടുംബത്തിലെ പുതിയ അംഗം

6 years ago 622 Hits

ഒറ്റനോട്ടത്തില്‍ എസ്-പ്രസോയൊരു എസ് യു വിയാണ്. മുഖാമുഖം നില്‍ക്കുമ്പോള്‍ സ്‌കോര്‍പ്പിയോയെ ഓര്‍മ്മിക്കും.

വാഹന ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹാച്ച് ബാക്കായ മാരുതി സുസുക്കിയുടെ എസ്-പ്രസോ സെപ്തംബര്‍ 30-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മാരുതി സുസുക്കിയുടെ ആള്‍ട്ടോ 800-നും പുതുതലമുറ വാഗണ്‍ ആറിനും ഇടയിലാകും എസ്-പ്രസോയുടെ സ്ഥാനം എന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഈ കാറിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ നടന്നുവരികയായിരുന്നു. കൂടാതെ എസ്-പ്രസോയുടെ വേരിയന്റുകളെ കുറിച്ചും എഞ്ചിന്‍ സ്‌പെസിഫിക്കേഷനുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യവുമാണ്. ഇന്ത്യയിലെ മാരുതി-സുസുക്കി ഡീലര്‍മാരിലേക്ക് ഈ കാര്‍ എത്തി തുടങ്ങിയിട്ടുണ്ട്.

2018-ലെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് മാരുതി-സുസുക്കിയുടെ പുതിയ കാറായ എസ് പ്രസോ എസ് യു വി ലുക്കില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

നാല് വേരിയന്റുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, എല്‍ എക്‌സ് ഐ, വി എക്‌സ് ഐ, വി എക്‌സ് ഐ പ്ലസ്. ഭാവിയില്‍ വിവിധ മാറ്റങ്ങളോട് കൂടി പത്ത് വേരിയന്റുകള്‍ വരെ വിപണിയിലെത്തും. അവ സ്റ്റാന്‍ഡേര്‍ഡ്, സ്റ്റാന്‍ഡേര്‍ഡ് (ഒ), എല്‍ എക്‌സ് ഐ, എല്‍ എക്‌സ് ഐ (ഒ), വി എക്‌സ് ഐ, വി എക്‌സ് ഐ (ഒ), വി എക്‌സ് ഐ പ്ലസ്, വി എക്‌സ് ഐ എ ജി എസ്, വി എക്‌സ് ഐ (ഒ) എ ജി എസ്, വി എക്‌സ് ഐ പ്ലസ് എ ജി എസ് എന്നിവയാണ്.

3665 മില്ലിമീറ്റര്‍ നീളമുള്ള മാരുതി സുസുക്കി എസ്- പ്രസോയുടെ വീതി 1529 മില്ലിമീറ്റര്‍ വീതിയും 2380 മില്ലിമീറ്റര്‍ വീല്‍ബേസുമുണ്ട്. കൂടാതെ കാര്‍ രണ്ട് വീല്‍ സൈസുകളിലാണ് എത്തുന്നത്. 13 ഇഞ്ചും. 14 ഇഞ്ചും. രണ്ട് വ്യത്യസ്ത ഉയരത്തിലും എസ്-പ്രസോയെത്തും. 1549 മില്ലിമീറ്ററും 1564 മില്ലിമീറ്ററും.

ആള്‍ട്ടോ കെ10-മായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്-പ്രസോയ്ക്ക് 120 മില്ലിമീറ്റര്‍ നീളും 5 മില്ലിമീറ്റര്‍ വീതിയും കൂടുതലായുണ്ട്. മാത്രമല്ല, കെ10-നേക്കാള്‍ 89 മില്ലിമീറ്റര്‍ ഉയരം കൂടുതലാണ്.

വീല്‍ബേസാകാട്ടെ 20 മില്ലിമീറ്റര്‍ അധികവുമുണ്ട്. മാരുതിയുടെ പുതിയകാല മോഡലുകളായ വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, എര്‍ട്ടിഗ എന്നിവ നിര്‍മ്മിച്ചിരിക്കുന്ന ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് എസ്-പ്രസോയുമെത്തുന്നത്.

ഒറ്റനോട്ടത്തില്‍ എസ്-പ്രസോയൊരു എസ് യു വിയാണ്. മുഖാമുഖം നില്‍ക്കുമ്പോള്‍ സ്‌കോര്‍പ്പിയോയെ ഓര്‍മ്മിക്കും. എസ് പ്രസോയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ 7-ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ടാകുമെന്ന് കരുതുന്നു. പുതിയ വാഗണ്‍ ആറില്‍ ഈ സൗകര്യം ലഭ്യമാണ്. ഇരട്ട എയര്‍ബാഗുകളും ആന്റി ബ്രേക്കിങ് സിസ്റ്റവും (എ ബി എസ്) ഇലക്ട്രോണിക്‌സ ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും (ഇ ബി ഡി), റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകളും എല്ലാം പതിവ് പോലെ സുരക്ഷ സൗകര്യങ്ങളായി ഈ വാഹനത്തിലും ഉണ്ടാകും.

ഭാരത് സ്റ്റേജ് ആറ് (ബി എസ് 6) നിലവാരത്തിലെ 998 സിസി ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രസോയിലുള്ളത്.

ഉടന്‍ തന്നെ മുഖം മിനുക്കാന്‍ ഒരുങ്ങുന്ന റെനോ ക്വിഡ് ആകും എസ് പ്രസോയുടെ വിപണിയിലെ എതിരാളി.

Site Designed & Developed by SpiderWorks All Rights Reserved | Copyright Indus Motors 2019